Friday, August 29, 2008

കണ്‍പീലിചിലന്തിയുടെ കഥ

നഷ്ട്ടങ്ങള്‍ തുടങ്ങിയത്

എവിടെ .നിന്നായിരുന്നു

എന്നെനിക്കറിയില്ല ,,,,,,

ഇന്നലയുടെ മറവുകളില്‍

അവ പതിയിരുന്നു

അക്രമിക്കുകയായിരുന്നു

ഞാന്‍ മറ്റൊരളുടെയാണെന്ന്

നീ തിരിച്ചറിഞ്ഞിരിക്കുന്നു

പക്ഷെ പിന്നെയും

നീ നിന്ന് കത്തുന്നു ....




തീവെട്ടിയില്‍ നിന്നെന്ന

പോലെ അടര്‍ന്നു വീഴുന്ന

നിന്‍റെ ഹൃദയത്തിന്റെ തുണ്ടുകള്‍

നീ ഒന്നറിയുക പൂര്‍ണമായി എന്നെ

ഇവിടെ തുറന്നു കാട്ടുവാന്‍ എനിക്കാവില്ല

പക്ഷെ നിന്‍റെ പല ചോദ്യങ്ങള്‍ക്കുമുള്ള

എന്‍റെ മറുപടി എനിക്ക്

തരെണ്ടാതായി ഉണ്ട് കാരണം

ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു
,,,,എന്നേക്കാള്‍




പ്രഥമ പ്രണയം ഓരോ വാക്കും

ഹൃദയത്തില്‍ ഒപ്പിയെടുത്ത് സൂക്ഷിക്കുക




ദരിദ്രരില്‍ ദാരിദ്രനായിരുന്നു

നീ കാരണമില്ലായിരുന്നു നിന്നെ

സ്നേഹിക്കാതിരിക്കാന്‍ ...

സ്നേഹിക്കാനും

തുടങ്ങിയത് എവിടെയായിരുന്നു

ഓര്‍ക്കുന്നുവോ നീ ????????

പറയാമത് കാലം ഒഴുകട്ടെ ...





എല്ലാവരും ചോദിക്കുന്നു

എന്താണീ ചിലന്തികള്‍ നീ

ഓര്‍ക്കുന്നുവോ ക്യാമ്പസിന്റെ

പകലുകള്‍ എതോ ഒരു ദിനം

വെയില്‍ ചാരാന്‍ തുടങ്ങിയിരുന്നു

അടുത്തു നിന്നെന്തോ പറഞ്ഞ

നീ പെട്ടെന്നു ഗതിമാറി

"നിന്‍റെ കണ്‍പീലികള്‍

ചിലന്തിയുടെ കാലുകള്‍ പോലെ

ഓരോ ചെറുപീലികളിലും

മറ്റൊരായിരം കാലുകള്‍

വിഷമാണ് അതില്‍ നിറയെ

ഓരോ പ്രാവശ്യവും അവ

എന്നെ തേടി എത്തുമ്പോള്‍

ഞാന്‍ ഭയപ്പെടുന്നു

ആ വലകളില്‍ കുരുങ്ങി

ഒരിക്കലും രക്ഷപെടാന്‍

പറ്റാതെ ഞാന്‍ ഞാന്‍ മരണമടയുമോ .........?????"

ആ രാത്രി എന്‍റെ കണ്‍പീലികള്‍

ഒരായിരം ചിലന്തികളായി

എന്നെ കേട്ടിവരിഞ്ഞു ശ്വാസം


കിട്ടാതെ നിലവിളിച്ച ഞാന്‍

ആ ദുസ്വപ്നത്തിലൂടെ

നിന്നെ ഭയക്കുക്കയായിരുന്നു

നിന്നോടാദ്യം തോന്നിയ വികാരവും

അതു തന്നെയാവണം ..

ആ ഭയമാകാം നിന്നെപ്പറ്റി കൂടതലറിയാന്‍

എന്നെ പ്രേരിപ്പിച്ച കാരണഹേതുവും




മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കിന്‍ വെളിച്ചത്തില്‍ ,

ചോര്‍ന്നൊലിക്കുന്ന ഓലപ്പുരയില്‍,

കര്‍ക്കിടക രാവുകളോട്,

പുസ്തകങ്ങളുമായി നീ നീ മല്ലിട്ടു

അക്ഷരങ്ങളെ തേച്ച് മിനുക്കി

നീ ആയുധങ്ങള്‍ പണിതു

നെരൂദയുടെയും ജിബ്രാന്റെയും ദേസ്തോവ്സ്കിയുടെയും

പിന്നെയും ഞാന്‍ അറിയാത്ത

പലരുടെയും പുസ്തകങ്ങളിലെ

വിഷജലപാനമാവാം നിന്‍റെ

പ്രണയ സൂക്തങ്ങള്‍ക്ക് വജ്രത്തിന്റെ മൂര്‍ച്ചയും

പഞ്ചാഗ്നിയുടെ പവിത്രതയുംനല്‍കിയത്




മഴയും മഞ്ഞും വെയില്

മേറ്റ്‌ഞാന്‍ യാത്രയിലാണ്

മടുത്തു കിതയ്ക്കുംപോള്‍ഓര്‍മകളുടെ

തണുപ്പില്‍ സ്വപ്നം കണ്ടുറങ്ങും

വീണ്ടും ഉണരും ,വീണ്ടും യാത്ര

അവസാന ഉറക്കത്തിലേക്കുള്ള യാത്ര

Monday, August 25, 2008

വൈരുദ്ധ്യാത്മകപ്രണയം (പ്രളയം)

മിഴികളിലേക്കു അറിയാതെ
ചിതറിത്തെറിച്ച മഴത്തുള്ളിക്ക്
ഒരു നിമിഷത്തെ മനസ്സിന്‍റെശൂന്യതയുടെ
വിലയുണ്ട് എന്നു ഞാന്‍ തിരിച്ചറിയുന്നത്
ആ മഴയുടെ അവസാനമാണ്

എന്‍റെ പ്രണയം മിഥ്യയായിരുന്നില്ല
എന്ന നിന്‍റെ കണ്ടെത്തലുകള്‍ സത്യമായിരുന്നൂ
എന്ന നിന്‍റെ ചിന്തകള്‍ വീണ്ടുമെത്തിചെരുന്നത്
അസ്വസ്ഥമായ മനസ്സില്‍ ഭ്രാന്തിന്റെ
ചങ്ങലക്കണ്ണികളുടെ കിലുക്കങ്ങലാവുമോ
എന്നു ഞാന്‍ ഭയപ്പെടുന്നു ആ ഭ്രാന്തിന്‍റെ തുടക്കം
ഒരുപക്ഷെ പ്രണയത്തിന്‍റെ വയലറ്റു വിഷമഷി
പുരണ്ടു തെളിമ നഷ്ട്ടപ്പെട്ട ഒരു മുഷിഞ്ഞ
കടലാസ്സു തുണ്ടിന്റെ ചുരുളിമയില്‍ നിന്നുമാണ്

" എന്‍റെ മിഴികള്‍ നിറയുമ്പോഴും
എന്‍റെ ഹൃദയം പിടയുമ്പോഴും
ഞാന്‍ നിന്നെയോര്‍ത്തു വേദനിക്കുമ്പോഴും
നീ പുഞ്ചിരിച്ചു കൊള്ളുക ഒടുവില്‍
കണ്ണീര്‍കടലില്‍ മുങ്ങി ഞാന്‍ കലങ്ങിതെളിയുംപോള്‍
ഒരുപക്ഷെ നീ കരയുകയായിരിക്കും
നിന്‍റെ നിഷേധത്തിന്റെ കൊടും ക്രൂരതയില്‍
വിരസ്സമായിപ്പോയ നമ്മുടെ പകലുകളെയോര്‍ത്ത് ,
വര്‍ണ്ണങ്ങള്‍ നഷ്ട്ടപെട്ടു പോവുന്ന
ഒരു മയില്‍‌പീലിതുണ്ട് മാത്രമാണ്
നീയെന്നറിയുംപോഴും അമ്മയുടെ മിഴിനീര്‍
കഴിഞ്ഞാല്‍ നിന്‍റെ പ്രണയത്തിന്‍
ജ്വലനപ്രഭയാണ് കെടാവിളക്കാവുന്നത്
നീ തനിച്ചാവുന്ന നിന്‍റെ ഏകാന്ത യാത്രയില്‍
ഒരിക്കല്‍ പോലും നിന്‍റെ മനസ്സില്‍
ഓര്‍മയുടെ ഓളങ്ങള്‍ സൃഷ്ട്ടിക്കാന്‍ എനിക്കായില്ല
എങ്കില്‍ നിനക്ക് നിഷേധിക്കാം
എന്‍റെ പ്രണയത്തെ നിലവിളക്കിന്‍ തിരിയിലെ
പ്രണവ ധ്വനി പോലെ സത്യമായ്തന്നെ
ഇനി ഒരു പെണ്‍മനസ്സിലേക്കുമില്ല തനിച്ചാണ് യാത്ര "

ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു പ്രിയപ്പെട്ടവനെ
ഓര്‍മകളുടെ ഈ പ്രളയത്തില്‍ അകക്കാമ്പിന്‍
വിഷം നുരഞ്ഞു പൊന്തി യാദാര്ത്യങ്ങളെ
വരിഞ്ഞു മുറുക്കി ചുഴികളിലെക്കാവാഹിച്ചു
ശ്വാസംമുട്ടിക്കുമ്പോള്‍ യാദാര്ത്യങ്ങള്‍
പൊട്ടിത്തകര്‍ന്നു മരിച്ചു വീണു
പുതിയവ സ്വപ്നങ്ങളുടെ സത്യംപോലെ ജന്മം കൊള്ളുന്നു

ഞാന്‍ തള്ളിപറഞ്ഞ നിന്‍റെ പ്രഭാത സ്വപ്‌നങ്ങള്‍ ,
കൂരിരുട്ടിന്‍റെ ഹൃദയത്തില്‍ ഭ്രൂണഹത്യ
ചെയ്യപ്പെട്ട നമ്മുടെ പ്രഭാതങ്ങള്‍ ഇനിയും ജനിക്കാം ,
വിരിയാതെ പൊഴിഞ്ഞ പ്രണയവും താലിയും
ഇരുതട്ടുകളില്‍ വയ്ക്കുമ്പോള്‍ പ്രണയമിരുന്ന
തട്ടോരുമാത്ര താണുപോയാല്‍ കഴിഞ്ഞ കാലം
പിളര്‍ന്നു നേരുകാട്ടാന്‍ പൊട്ടിച്ചെറിയേണ്ടിവരുമോ ഈ 'താലി' കൂടി ???

Friday, August 15, 2008

സിന്തൂര രേഖകള്‍ ഉണ്ടാവുന്നത്

അപ്രതീക്ഷിതമായി കടന്നു വരുന്ന

ഏകാന്തതയുടെ ഓരോ മാത്രയിലുമാവാം

പാതിവൃത്യം വെടിഞ്ഞു അവളുടെ

ചിന്തകള്‍ ദേശാടനം ചെയ്യാന്‍ തുടങ്ങുന്നത് ,



ജ്വെലിച്ചു കത്തിയ പിതാവിന്റെ

എതിര്‍പ്പുകളില്‍ നിന്നാവാം അവള്‍

ചതിയുടെ ആദ്യാക്ഷരങ്ങള്‍

അഭ്യസിക്കാന്‍ തുടങ്ങുന്നത് ,



അമാവാസിയുടെ അന്ധകാരം

വൃക്ഷതലപ്പുകളെ അന്ധമാക്കുമ്പോഴാവാം

ഇളം കാറ്റിന്‍ ആലിംഗനങ്ങളില്‍

‍ഇലതലപ്പുകള്‍പുളകം കൊള്ളുന്നത് ,



കരഞ്ഞു കലങ്ങി തമോഗര്‍ത്തങ്ങള്‍

ആയ മിഴികളില്‍ നിന്നാവാം

പുതുജീവനുകളുമായി

നക്ഷത്രങ്ങള്‍ ജനനം കൊള്ളുന്നത്,



കരിനാഗങ്ങള്‍ ഇണചേരുന്ന

രണ്ടാം യാമങ്ങളിലാവാം

നാഗത്തറയില്‍ തൊഴുതുനിന്ന

കെടാവിളക്കണയുന്നത് ,



പോട്ടിയടര്‍ന്നു വീണ അവന്റെ

ഹൃദയത്തില്‍ നിന്നാവാം

ചുവന്ന സിന്ദൂരരേഖകള്‍

പിറവിയെടുക്കുന്നത്,



തമ്മിലലിഞ്ഞു ഒന്നാവാതത്തിന്റെ

കൊടും വേദനയിലാവം

രാത്രി പകലിനും , പകല്‍ രാത്രിക്കും

തകര്‍ന്ന ഹൃദയം സമ്മാനിച്ചകലുന്നത്,


ജീവനേക്കാള്‍ പ്രണയിച്ചവനു
ചതി കൊടുത്തു വിടപറഞ്ഞത്‌ കൊണ്ടാവാം

പൊള്ളുന്ന സത്യമായ് ,മറ്റൊരു സൂര്യനായ്‌

നക്ഷത്രവിജനമായ രാത്രികളില്‍ അവള്‍ ഉറങ്ങാതിരിക്കുന്നത് ...

Monday, August 11, 2008

കലികാലനേരുകള്‍

മതമില്ലാത്ത ഒരു
മയില്‍പ്പീലിതുണ്ട് ഒളിച്ചു വച്ചതിനാണ്
അമ്പാടിപൈതലിന്‍ പുസ്തകങ്ങള്‍ അഗ്നിനാമ്പുകള്‍ വിഴുങ്ങിയത് ,


പോന്തക്കാട്ടിലെ ചാക്കുകെട്ടില്‍
ചീഞ്ഞളിഞ്ഞ പിഞ്ചു
ശരീരങ്ങക്ക് പൈതൃകമായത്
പിതൃ സ്നേഹത്തിന്‍ കാമദുര്‍ഗന്ധം ,


സഹോദരന്റെ ജീവവായുവില്‍
മഞ്ഞള്‍പ്പൊടി കലര്‍ത്തിയാണ്
പ്രിയപ്പെട്ടവള്‍ക്കായ് അവന്‍
താലിച്ചരടുകള്‍ തീര്‍ക്കുന്നത് ,


തിരുവസ്ത്രത്തിനുള്ളിലെ
വിലങ്ങുകള്‍ തകര്‍ത്തു
സ്വതന്ത്രമായ വികാരങ്ങള്‍ക്ക്
നാനാര്‍തമായത് ഭ്രഷ്ട്ടുകള്‍ ,


നിസ്കാര തഴമ്പുകള്‍
കാലാന്തരങ്ങളില്‍ രൂപാന്തരങ്ങള്‍
പിന്നിട്ടു ഉഗ്ര സ്ഫോടനങ്ങലാല്‍
പൊട്ടിയൊലിക്കുന്നു ,

ക്ഷേത്ര ഭൂമിക്കായ്‌
ബലിനല്‍കപ്പെടുന്നത്
കിരാതങ്ങളില്‍ കിരാതമായ
രക്തം കട്ടപിടിച്ച നഗരഗ്രാമ പ്രാന്തങ്ങള്‍ ,

അവസാനം

ഫാനിലെ സാരിത്തുമ്പില്‍
വേദനയുടെ ഒരു തുണ്ട്
ജീവന്റെ അമര്‍ത്യതയുടെയുംമരണത്തിന്‍റെ
വ്യര്‍ത്ഥതയുടെയും ഇടയില്‍ നിശ്ചലമായ്‌

Sunday, August 3, 2008

പ്രണയം രണ്ടാംഭാവം

ആദ്യം വിചിത്രമായൊരു കൌതുകമായ്
പിന്നെടെങ്ങിനെയോക്കെയോ പടര്‍ന്നു കയറി
മുറിച്ചു കളയാനാവാത്ത വിധം
സ്വപ്നങ്ങളില്‍ പറ്റിപ്പിടിച്ചു

നീ തനിച്ചാവുന്ന അപൂര്‍വ്വം
ചിലനിമിഷങ്ങളില്‍ നിന്‍റെ
അരികില്‍ ഓടിയെത്തി നിന്‍റെ
മനം മടുപ്പിക്കുന്ന ഏകാന്തത പങ്കിട്ട്‌

അങ്ങിനെ അറിയാത്ത ഏതോ
പൊരുളുകള്‍ തിരഞ്ഞു പോകാന്‍
പ്രരകഹേതു ഏതുശക്തി എന്നറിയില്ല
അതിനെ സ്നേഹമെന്ന് വിളിക്കാന്‍ ഞാന്‍ ഭയപെട്ടിരുന്നു പലപ്പോഴും

പക്ഷെ അത് വാക്കുകള്‍ക്കും
ശബ്ധങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും
മുകളിലായ് വലിയോരരിവായിരുന്നു
ഞാന്‍ തനിച്ചല്ലന്ന വ്യക്തമായ സത്യം

സ്നേഹം എല്ലായ്പോഴും അങ്ങിനെയാണ്
തിരികെ കിട്ടുമെന്ന മോഹമില്ലാതെ ഒരേ
വഴിയിലൂടെ വ്യത്യസ്തമായി നീങ്ങുന്ന
ഒരാളുടെ കിനാവുകളില്‍ മാത്രമൊതുങ്ങുന്ന

തിരികെ കിട്ടുന്ന സ്നേഹം വെറുമൊരു
സാധാരണ കൊടുക്കല്‍ വാങ്ങലായിതീരുന്നു
തള്ളികളയലിലൂടെ വേര്‍പിരിയലിലൂടെ ഇഴകള്‍ അടുക്കുന്നു
പിരികള്‍ മുറുകുന്നു മോഹങ്ങള്‍ പെരുകുന്നു നൂലുകള്‍ കേട്ടുപിണയുന്നു

ഇന്നശക്തയാണ് ഞാന്‍
ഉള്ളുറപ്പിച്ചു ചുറ്റുമുള്ള
ലോകത്തെ ഭയന്ന് ഭ്രാന്ത് പിടിച്ചു
ഒരു പിശാചിനെപ്പോലെ അള്ളിപിടിച്ച് സ്നേഹിക്കാന്‍