Saturday, November 15, 2008

കാമുകന്‍ / കാമുകി

1 ..കാമുകന്‍

അടുക്കുവാനാകാതെ , അകലുവാനാകാതെ
നിഗൂഡമനസ്സിന്‍റെ താഴ്വരകളിലെങ്ങോ
പ്രണയമോളിപ്പിച്ചു നീ നിന്‍റെ സ്വത്വത്തെ
മൂടിപ്പുതപ്പിച്ചു ...

കാല്‍പ്പനികത , കൌമാരത്തിന്‍റെ
ഏകാന്ത കോണുകളില്‍
സ്നേഹം വിതച്ചു വിഹ്വലതകള്‍
മാത്രം കൊയ്യുമ്പോള്‍
നീ നിന്നിലെക്കലിഞ്ഞില്ലതായി

ആരെയും കൂസാത്ത നിന്‍റെ
മിഴികളില്‍ ജ്വലിച്ചുയര്‍ന്ന
പ്രണയത്തിന്‍റെ വജ്രജ്വാലകളെ
മൌനത്തിന്‍റെ മുഖം വാരിയണിയിച്ചു
നീ പുന്ജിരിച്ചു

നിര്‍വികാരത തളം കെട്ടി നിന്ന
നിന്‍റെ വിരിഞ്ഞ മാറില്‍
മുങ്ങിത്താണ എന്‍റെ സ്വപ്നങ്ങള്‍
വെറും കടലാസ്സു തോണികള്‍ മാത്രം

നക്ഷത്രങ്ങള്‍ ഉണരുന്ന നിലാവുള്ള
രാത്രികളില്‍ മിഴിനീര്‍ തുള്ളികളില്‍
വിരിഞ്ഞ നിന്‍ കനവുകള്‍
നീയെന്ന ഞാനിന്‍റെ വകഭേദങ്ങള്‍

അമ്മയുടെ പാല്‍ ഞരമ്പുകളില്‍
നിന്നും സ്നേഹമൂറ്റിയെടുത്ത്
പ്രണയിനിക്ക് സമ്മാനിച്ച ഭ്രാന്തന്‍


2 ... കാമുകി

സ്നേഹത്തിന്‍റെ വജ്രമണികള്‍
ഹൃദയത്തില്‍ വിതറി
മരണത്തിന്‍റെ നിഴലുമായി
ജീവന്‍ നല്‍കുന്ന
ദൈവങ്ങളെ പ്പോലും ഞാന്‍
വെറുത്തു തുടങ്ങിയിരിക്കുന്നു

കാല്‍ക്കല്‍ വീണു പോട്ടിക്കരഞ്ഞാലും
സ്വാന്ത്വനിപ്പിക്കാത്ത ദൈവങ്ങള്‍
വേദനയില്‍ കുതിര്‍ന്ന ഹൃദയം
പറിച്ചെറിഞ്ഞു കൊടുത്താലും
സ്നേഹം മനസ്സിലാവാത്ത
അമ്പലപ്രാവുകള്‍

ജീവന്‍റെ ഞരമ്പുകളില്‍
രാത്രിമഴയുടെ സംഗീതതാളങ്ങള്‍
സംഹാര താണ്ടവങ്ങള്‍ക്ക്
വഴിമാറുമ്പോള്‍
നിഷേധ സ്നേഹത്തില്‍ വിളറി പിടിച്ച
ഒരാത്മാവ് പുനര്‍ജന്മത്തിനായ്
കേഴുന്നു ..?

Wednesday, November 5, 2008

കവിത

ക്രൌന്ജ മിഥുനങ്ങളിലോന്നിന്റെ

നെഞ്ചില്‍ ആഴ്ന്നിറങ്ങിയ

അസ്ത്രത്തിന്‍ തുമ്പില്‍ പിറന്ന

ഇതിഹാസം .........




കാലത്തിന്‍ നേരിലേക്ക്

മിഴികള്‍ പായിച്ച

കവിയുടെ മിഴികളില്‍ തറച്ച

മുള്ളിന്റെ വിഷാഗ്രത്തില്‍

പൊടിഞ്ഞിരുന്ന നിണകണങ്ങള്‍

തൂലികയില്‍ വിരിയിച്ച ചെമ്പനീര്‍ പൂവ്




ഒടുവില്‍ കവിയില്‍ നിന്നും

കാലം പടിയിറങ്ങുമ്പോള്‍

വരികള്‍ക്കിടയിലെ അര്‍ഥങ്ങള്‍

തിരയുന്നവരുടെ മനസ്സിന്റെ

അഞ്ജതയുടെ അന്ധകാരത്തില്‍

മിന്നിത്തെളിയുന്ന ഫോസ്ഫറസ് .(ജ്ഞാനം )

കാലത്തെ അതിജീവിക്കുന്ന വിളക്ക് (സത്യം )

Friday, October 17, 2008

വിധി

പിടയുന്ന ഘടികാര

സൂചിയില്‍ കുടിയിരുന്നു

നിമിഷാര്‍ദ്ധ ഗോളങ്ങളായി

പൊട്ടിവീണ് എല്ലായ്പോഴും

ജനിക്കുന്നു നീ




പ്രണയികളുടെ അനന്തമാം

മിഴികളില്‍ മറഞ്ഞിരിക്കുന്ന

പുഞ്ചിരികള്‍ പിന്‍മുറ

തത്വശാസ്ത്രങ്ങളെ

പൊട്ടിച്ചെറിയുമ്പോഴും

കത്തിനിന്ന മോഹസ്വപ്‌നങ്ങള്‍

വിദ്വേഷത്തിന്‍റെയും ,

അവിശ്വാസത്തിന്‍റെയും

കണികാ സ്ഫോടനങ്ങള്‍

സൃഷ്ട്ടിക്കുന്നത്

നിന്‍ പരീക്ഷണ ശാലകളുടെ

തടവറകളില്‍ നിന്ന് ...





സ്നേഹാമൃതം

സമുദ്രഗര്‍ത്തങ്ങളില്‍

നിന്നും പതകളായി

നുരഞ്ഞു തീരത്തിന്‍ മാറില്‍

അലിഞ്ഞില്ലാതായി

ആഗ്രഹ പൂര്‍ത്തീകരണങ്ങളുടെ

നിഷ്ഫലതകള്‍ മാത്രം

വെളിപ്പെടുത്തുമ്പോള്‍ മറുവശത്ത്

ഒരിക്കലുമടങ്ങാത്ത

പ്രതികാര ബീജങ്ങള്‍

തലമുറകളില്‍ നിന്നും

തലമുറകളിലേക്ക്

സ്ഫോടന പരമ്പരകള്‍

സൃഷ്ട്ടിക്കുന്നതിന്‍

വിഷമുള്ളൂകളും നീ വിതക്കുന്നത് മാത്രം





അവസാനമൊരു മണ്‍പ്രപന്ജമായ്

മണ്ണിലുറങ്ങുന്നതിന്‍ മുന്‍പ്

സ്വാതന്ത്ര്വം പ്രാപിച്ച ഒരു വായു

തന്മാത്ര എവിടെയോ

ഒരു രതിമൂര്‍ച്ചയുടെ

സീല്‍ക്കാരങ്ങള്‍ക്കിടയില്‍

ഒരു മിടിപ്പായ് ഒരു ജന്മമാകുന്നതിന്‍

പൊരുളുകള്‍ നീ മാത്രമറിയുന്നു

Thursday, October 2, 2008

രക്താക്ഷരങ്ങള്‍

ഇന്ന്

നക്ഷത്രങ്ങള്‍ ഇല്ലാതാവുന്നു
കറുത്ത മേഘം അവന്‍റെ
കാഴ്ചകളെ മറയ്ക്കുന്നു
കുറ്റബോധം ഇന്നലകളിലേക്ക് .....

അന്ന്

ചുവന്ന ചുവന്ന പൂക്കള്‍
വീണ ഗുല്‍മോഹര്‍ ചുവട്
മിഴികളിലേക്ക് പാറി വീണ
ചെമ്പന്‍ മുടിയിഴകള്‍
ഇളം കാറ്റിന്‍ ഹൃദയ സ്പന്ദനങ്ങള്‍
തന്‍ മാപിനികള്‍ ..


അവള്‍ പറഞ്ഞത്

"ഡയറിതാളുകളില്ല ,


വജ്രമുനയുള്ള വാക്കുകളും ,

മരണം ജീവിതത്തെ

കൊല്ലുമ്പോള്‍ പ്രണയം

ജനിക്കുന്നൂ എന്ന്

വാന്‍ഗോഗിന്‍റെ അക്ഷരങ്ങളിലെ

സത്യത്തിന്‍ ചൂരുകള്‍ ,

ജിബ്രാന്‍റെ കണ്ണില്ലാത്ത പ്രണയം ,

രക്തം കട്ടപിടിക്കുന്ന നന്ദിതയുടെ
കാണാതാളുകള്‍ ,

എന്‍റെ നക്ഷത്രങ്ങള്‍ നീയെന്നു ,
നീ മാത്രമെന്ന് ......"


അവന്‍ പറഞ്ഞത്

"സ്വപ്നങ്ങളും കിനാവുകളുമില്ലാത്തവന്‍ ,

ബന്ധനങ്ങളില്‍ ഹൃദയശൂന്യന്‍ ,

യാദാര്‍ത്യവാദി ,ഇന്ന് മാത്രമുള്ളവന്‍

എങ്കിലും നീ പറഞ്ഞ ആ നക്ഷത്രങ്ങള്‍....

സ്വപ്നത്തിനും ജീവിതത്തിനും ഇടയിലുള്ള

ഈ തീരങ്ങള്‍ മാത്രമാവട്ടെ .."

വിളറിവെളുത്തു നേര്‍ത്തുകറുത്ത
വരകള്‍ വീണ താളില്‍
വയലറ്റില്‍ കോറിയിട്ട അവസാനവാക്കുകള്‍


മൌനത്തിന്‍ വരികള്‍ക്ക് ശേഷം
ഒരു തുള്ളി രക്തം

"ആത്മാര്‍ത്ഥത ആത്മാവിനെ

നശിപ്പിക്കുന്നില്ല

ഇനി നക്ഷത്രങ്ങളും മഞ്ഞുതുള്ളികളുമില്ല

അവന്‍റെ യാദാര്‍ത്ഥ്യം 'രക്തത്തുള്ളികള്‍ '

രക്തതുള്ളികളിലൂടെ നഷ്ട്ടമായ

അവസാന ഹൃദയമിടിപ്പില്‍

പ്രണയത്തിന്‍റെ ( ആത്മാവിന്‍റെ ) പേറ്റുനോവ്‌

നിന്‍റെ ജീവിതമില്ല മരണവും
നാളെകള്‍ ഇന്നുകളാവുന്നു
ഈ പ്രപഞ്ചം എന്‍റെ പ്രണയം
എന്‍റെ മാത്രം .
ജീവിതത്തിന്‍റെ വില ബ്ലേഡിന്‍റെയും"

Monday, September 29, 2008

നിഴലുകള്‍

ചക്രവാളത്തിന്‍

പടിഞ്ഞാറന്‍ അരികുകളില്‍

നിന്നും ജന്മമെടുക്കുന്ന

നീ ഞാനായിത്തീരുന്നത്

ശിരസ്സിനു മുകളിലെ

സൂര്യ ഗോളത്തിന്‍ തീച്ചൂടുകളിലാണ്



നിലക്കാത്ത യാത്രയില്‍

തലച്ചോറില്‍ നിന്നും ഹൃദയത്തിലൂടെ

പാദത്തില്‍ നിന്നും പിടിവിട്ടകലുന്നത്

വേലിയിറക്കത്തിന്‍ അവശേഷിപ്പുകളാണ്





രജനിയുടെ ഭയാനകമായ

ഏകാന്തതയെ ഞാന്‍

സ്നേഹിക്കാന്‍ തുടങ്ങുന്നത്

നീ എന്നിലലിഞ്ഞില്ലാതാവുന്നു

എന്ന അറിവിനു ശേഷം മാത്രമായിരുന്നു




പരിഭവത്തിന്‍ കാര്‍മേഘപടലങ്ങള്‍

തീഗോളങ്ങളെ മറയ്ക്കുമ്പോള്‍

പരിഭ്രമത്തിന്‍ അന്തോളനങ്ങളില്‍

എന്‍റെ മിഴികള്‍ നിന്നെ തിരയുകയായിരുന്നു

അല്‍പ്പം മുന്‍പുവരെ എന്‍റെ സമീപസ്തയായിരുന്ന




നിന്‍റെ രൂപം പൂര്‍ണത പ്രാപിക്കുന്നത്

വിരഹക്കൊടുംചൂടിന്റെ ഉത്തുങ്ങശ്രുംഗങളില്‍

ആയിരുന്നപ്പോഴും ,പിണക്കങ്ങളുടെ നിലാവില്‍

അവ്യക്തമാര്‍ന്ന രൂപങ്ങളായി

അപ്പോഴും മഴയുടെ കനപ്പിനു

വല്ലാത്തോരഭിനിവേശമായിരുന്നു

നിഴലുകളെ അവാഹനപ്പുരയിലെക്കാവാഹിക്കാന്‍




എനിക്ക് നീയും നിനക്ക് ഞാനുമായി

തുടങ്ങിയ യാത്ര ഇന്നു നിനക്ക് നീയും എനിക്ക്

ഞാനുമായി വഴിപിരിയേണ്ടിവരുമ്പോള്‍

നിഴലുകള്‍ ഇണ ചേര്‍ന്നുണ്ടായ

നമ്മുടെ ജന്മങ്ങള്‍ നിഴലുകളില്‍ നിന്നും

നിഴലുകളിലേക്ക് യാത്ര തുടരുകയായിരിക്കാം

Wednesday, September 17, 2008

സ്നേഹശിഷ്ട്ടം


ഇനി എത്ര ജന്മങ്ങള്‍
ചിറകടിച്ചകന്നു പോയാലും
ആ മൌനത്തില്‍ സ്നേഹമുണ്ടായിരുന്നു
എന്നറിയുന്നൂ എങ്കിലും ..
ഒരിക്കലും വെളിപ്പെടുത്താതെ
ഹൃദയത്തില്‍ സ്നേഹത്തിന്‍
പനീര്‍മണികള്‍ ഒളിപ്പിച്ചു
എന്തു നേടുന്നു നീ ????
സ്നേഹമൊരു സത്യമോ മിഥ്യയോ ?? അന്വേഷണങ്ങള്‍

ഹൃദയം നിറയെ പ്രാരതനകളുടെ
വെള്ളാമ്പല്‍ പൂവുകളുമായി മരണമായി മീര ,
വേര്‍പാടിന്‍ വേദനയില്‍
മിഴിനീരില്‍ ജ്വലിച്ചുയര്‍ന്ന
വിരഹമായ് രാധ ,
ആഗ്നിയില്‍ സ്പുടം ചെയ്ത
സ്നേഹവുമായി കാട്ടിലൂടെ തനിച്ചു
മുള്‍ വഴികളായ് സീത ,
അഞ്ചു ബലവാന്‍മാരുടെ
കൈകളില്‍ സുരക്ഷിതയായിട്ടുകൂടി
വിവസ്ത്രയാക്കപെട്ട അപമാനത്തില്‍ ദ്രൌപദി ,
ഒരു പുഞ്ചിരിയില്‍ അറിയാതെ
അലിഞ്ഞ പ്രണയരാഗത്തില്‍
ജീവനോടെ കുഴിച്ചു മൂടപ്പെട്ട അനാര്‍ക്കലി ,
കല്ലറയില്‍ ഉറങ്ങുന്നു ഷാജഹാന്‍ സ്നേഹിത .....

എന്തിനായിരുന്നു വേദനയുടെ തണുപ്പും
മിഴി നീരിന്‍റെ ചൂടുമുള്ള സ്നേഹപ്പൂക്കള്‍ ,
കഥകളില്‍ നിന്നും സത്യമറിയാത്ത സ്നേഹം
രക്തമിറ്റുവീഴുന്ന മിഴികളുമായ് വീണ്ടും ഉറ്റുനോക്കുന്നു
തിരിച്ചാഗ്രഹിക്കാത്ത സ്നേഹത്തെക്കുറിച്ച് ,
അതിരുകളില്ലാത്ത സ്നേഹത്തെക്കുറിച്ച്
മാര്‍ഗങ്ങള്‍ക്കിടയിലെ ശൂന്യതയുടെ ഘോരപടനിലങ്ങളില്‍
സ്വപ്നങ്ങളും യാഥാര്‍ത്ഥ്യങ്ങളും
പരസ്പരം വാശിയോടെ പോരടിച്ചു
പ്രഹേളികകള്‍ സൃഷ്ട്ടിക്കുന്നതിന്‍
ഉള്‍കാമ്പിലാകാം അര്‍ഹിക്കുന്നവര്‍ക്കേ
സ്നേഹം നല്‍കാവൂ എന്ന സത്യം

പട്ടം

ഞാന്‍ യാത്രിക
യവനികക്കപ്പുറം
അവ്യക്തതയുടെ നിഴലുകള്‍ സൃഷ്ട്ടിക്കുന്ന
പൊട്ടിപ്പോയ വര്‍ണങ്ങള്‍ നിറഞ്ഞ പട്ടം
വാനത്തിന്‍ അനന്തതയില്‍
എവിടെ നിപതിക്കും എന്നറിയാതെ
കാറ്റിന്‍റെ മൃദുലതയിലും , ബലിഷ്ട്ടതയിലും
ഉയര്‍ന്നും താണും പറന്ന് പറന്ന് ...


നീയായിരുന്നു എനിക്ക് രൂപം നല്‍കിയത്
ഈര്‍ക്കിലിക്കംപുകള്‍ പിണച്ചുവച്ചു,
വര്‍ണ്ണക്കടലാസുകള്‍ തുന്നിച്ചേര്‍ത്തു ,
മനോഹരിയാക്കുംപോഴും അതിന്‍റെ
ബാഹ്യആന്തരിക പ്രതലങ്ങള്‍
ലോലമായിരുന്നൂ എന്നു നീ
തിരിച്ചരിയുന്നുണ്ടായിരുന്നുവോ ?


വെയില്‍ക്കറ പുരണ്ടുണങ്ങിയ
ഒരു പകലിന്‍റെ അവസാനം
വെറുമൊരു നൂലിന്റെ
വിശ്വാസസംരക്ഷണയില്‍
നീയെന്നു തനിച്ചു യാത്രയാക്കി ,
ഉയരങ്ങളിലേക്ക്
ഒരറ്റമെന്‍ ഹൃദയത്തില്‍
മറ്റൊന്നു നിന്‍ കൈയ്യില്‍
രാജകുമാരിയായി ഉയരുമ്പോഴും
ശക്തമായിക്കൊണ്ടിരുന്ന
എന്‍റെ ഹൃദയമിടുപ്പുകള്‍
അകലുന്തോറും ദൃഡമാകുന്ന
ബന്ധങ്ങള്‍ പോലെ അന്തരികതയില്‍
അലയാഴിച്ചുഴികള്‍ സൃഷ്ട്ടിച്ചുകൊണ്ടിരുന്നു
അവസാനം ഒരു പൊട്ടുമാത്രമായി
അനന്തതയില്‍ അലിഞ്ഞില്ലാതാവുന്ന
എന്‍റെ ജന്മം നിന്‍റെ വിരലുകളില്‍
നിന്നും പരിഭ്രമത്തില്‍ വഴുതിയ
നൂല്‍തുമ്പിലെ പട്ടമല്ലാതെ മറ്റെന്താണ് ??

Friday, September 5, 2008

ഓണം

ഓണം
കര്‍ക്കിടക കാര്‍മേഘങ്ങള്‍
ചക്രവാളത്തിലേക്ക്
പൊട്ടുകള്‍ പോലെ
അലില്ജില്ലതായിരിക്കുന്നു


ശ്രാവണ രജനിയുടെ
മണിമാറുകള്‍ വസന്ത
പൌര്‍ണമിയുടെ സ്വര്‍ണ
നിലാവില്‍ പുളകം പൂണ്ടു


മനസ്സില്‍ ഊഞ്ഞാല്‍പാട്ട് പൂവിളി ,
ഓര്‍മകളുടെ ഉത്സവത്തിനു
സ്വാഗതമോതാന്‍ ഓണക്കോടി
നന്മകളുടെ ഓര്‍മ്മപ്പുതുമ ,

ഓര്‍മ്മകള്‍ തന്‍ തൊടികള്‍
ജമന്തി , കനകാംബരം ,
മുല്ല , അരളി , വാടാമല്ലി ,ചിപ്പി ,
തുമ്പ , തോവാളപ്പച്ച ...,


മന്ജാടിക്കുരു മാലതീര്‍ത്തു
ഓണക്കൊടിയുടുത്തു ,
കവിത കൊണ്ട് സങ്കടങ്ങളുടെ
പൂക്കളങ്ങള്‍ തീര്‍ത്തു
പാണന്‍ പാടിയ പഴമക്കഥ -ഗ്രാമഹൃദയം
ഓണത്തുംബികളുടെ
മനസ്സില്‍ മാത്രമാകുന്നുവോ ????

Friday, August 29, 2008

കണ്‍പീലിചിലന്തിയുടെ കഥ

നഷ്ട്ടങ്ങള്‍ തുടങ്ങിയത്

എവിടെ .നിന്നായിരുന്നു

എന്നെനിക്കറിയില്ല ,,,,,,

ഇന്നലയുടെ മറവുകളില്‍

അവ പതിയിരുന്നു

അക്രമിക്കുകയായിരുന്നു

ഞാന്‍ മറ്റൊരളുടെയാണെന്ന്

നീ തിരിച്ചറിഞ്ഞിരിക്കുന്നു

പക്ഷെ പിന്നെയും

നീ നിന്ന് കത്തുന്നു ....




തീവെട്ടിയില്‍ നിന്നെന്ന

പോലെ അടര്‍ന്നു വീഴുന്ന

നിന്‍റെ ഹൃദയത്തിന്റെ തുണ്ടുകള്‍

നീ ഒന്നറിയുക പൂര്‍ണമായി എന്നെ

ഇവിടെ തുറന്നു കാട്ടുവാന്‍ എനിക്കാവില്ല

പക്ഷെ നിന്‍റെ പല ചോദ്യങ്ങള്‍ക്കുമുള്ള

എന്‍റെ മറുപടി എനിക്ക്

തരെണ്ടാതായി ഉണ്ട് കാരണം

ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു
,,,,എന്നേക്കാള്‍




പ്രഥമ പ്രണയം ഓരോ വാക്കും

ഹൃദയത്തില്‍ ഒപ്പിയെടുത്ത് സൂക്ഷിക്കുക




ദരിദ്രരില്‍ ദാരിദ്രനായിരുന്നു

നീ കാരണമില്ലായിരുന്നു നിന്നെ

സ്നേഹിക്കാതിരിക്കാന്‍ ...

സ്നേഹിക്കാനും

തുടങ്ങിയത് എവിടെയായിരുന്നു

ഓര്‍ക്കുന്നുവോ നീ ????????

പറയാമത് കാലം ഒഴുകട്ടെ ...





എല്ലാവരും ചോദിക്കുന്നു

എന്താണീ ചിലന്തികള്‍ നീ

ഓര്‍ക്കുന്നുവോ ക്യാമ്പസിന്റെ

പകലുകള്‍ എതോ ഒരു ദിനം

വെയില്‍ ചാരാന്‍ തുടങ്ങിയിരുന്നു

അടുത്തു നിന്നെന്തോ പറഞ്ഞ

നീ പെട്ടെന്നു ഗതിമാറി

"നിന്‍റെ കണ്‍പീലികള്‍

ചിലന്തിയുടെ കാലുകള്‍ പോലെ

ഓരോ ചെറുപീലികളിലും

മറ്റൊരായിരം കാലുകള്‍

വിഷമാണ് അതില്‍ നിറയെ

ഓരോ പ്രാവശ്യവും അവ

എന്നെ തേടി എത്തുമ്പോള്‍

ഞാന്‍ ഭയപ്പെടുന്നു

ആ വലകളില്‍ കുരുങ്ങി

ഒരിക്കലും രക്ഷപെടാന്‍

പറ്റാതെ ഞാന്‍ ഞാന്‍ മരണമടയുമോ .........?????"

ആ രാത്രി എന്‍റെ കണ്‍പീലികള്‍

ഒരായിരം ചിലന്തികളായി

എന്നെ കേട്ടിവരിഞ്ഞു ശ്വാസം


കിട്ടാതെ നിലവിളിച്ച ഞാന്‍

ആ ദുസ്വപ്നത്തിലൂടെ

നിന്നെ ഭയക്കുക്കയായിരുന്നു

നിന്നോടാദ്യം തോന്നിയ വികാരവും

അതു തന്നെയാവണം ..

ആ ഭയമാകാം നിന്നെപ്പറ്റി കൂടതലറിയാന്‍

എന്നെ പ്രേരിപ്പിച്ച കാരണഹേതുവും




മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കിന്‍ വെളിച്ചത്തില്‍ ,

ചോര്‍ന്നൊലിക്കുന്ന ഓലപ്പുരയില്‍,

കര്‍ക്കിടക രാവുകളോട്,

പുസ്തകങ്ങളുമായി നീ നീ മല്ലിട്ടു

അക്ഷരങ്ങളെ തേച്ച് മിനുക്കി

നീ ആയുധങ്ങള്‍ പണിതു

നെരൂദയുടെയും ജിബ്രാന്റെയും ദേസ്തോവ്സ്കിയുടെയും

പിന്നെയും ഞാന്‍ അറിയാത്ത

പലരുടെയും പുസ്തകങ്ങളിലെ

വിഷജലപാനമാവാം നിന്‍റെ

പ്രണയ സൂക്തങ്ങള്‍ക്ക് വജ്രത്തിന്റെ മൂര്‍ച്ചയും

പഞ്ചാഗ്നിയുടെ പവിത്രതയുംനല്‍കിയത്




മഴയും മഞ്ഞും വെയില്

മേറ്റ്‌ഞാന്‍ യാത്രയിലാണ്

മടുത്തു കിതയ്ക്കുംപോള്‍ഓര്‍മകളുടെ

തണുപ്പില്‍ സ്വപ്നം കണ്ടുറങ്ങും

വീണ്ടും ഉണരും ,വീണ്ടും യാത്ര

അവസാന ഉറക്കത്തിലേക്കുള്ള യാത്ര

Monday, August 25, 2008

വൈരുദ്ധ്യാത്മകപ്രണയം (പ്രളയം)

മിഴികളിലേക്കു അറിയാതെ
ചിതറിത്തെറിച്ച മഴത്തുള്ളിക്ക്
ഒരു നിമിഷത്തെ മനസ്സിന്‍റെശൂന്യതയുടെ
വിലയുണ്ട് എന്നു ഞാന്‍ തിരിച്ചറിയുന്നത്
ആ മഴയുടെ അവസാനമാണ്

എന്‍റെ പ്രണയം മിഥ്യയായിരുന്നില്ല
എന്ന നിന്‍റെ കണ്ടെത്തലുകള്‍ സത്യമായിരുന്നൂ
എന്ന നിന്‍റെ ചിന്തകള്‍ വീണ്ടുമെത്തിചെരുന്നത്
അസ്വസ്ഥമായ മനസ്സില്‍ ഭ്രാന്തിന്റെ
ചങ്ങലക്കണ്ണികളുടെ കിലുക്കങ്ങലാവുമോ
എന്നു ഞാന്‍ ഭയപ്പെടുന്നു ആ ഭ്രാന്തിന്‍റെ തുടക്കം
ഒരുപക്ഷെ പ്രണയത്തിന്‍റെ വയലറ്റു വിഷമഷി
പുരണ്ടു തെളിമ നഷ്ട്ടപ്പെട്ട ഒരു മുഷിഞ്ഞ
കടലാസ്സു തുണ്ടിന്റെ ചുരുളിമയില്‍ നിന്നുമാണ്

" എന്‍റെ മിഴികള്‍ നിറയുമ്പോഴും
എന്‍റെ ഹൃദയം പിടയുമ്പോഴും
ഞാന്‍ നിന്നെയോര്‍ത്തു വേദനിക്കുമ്പോഴും
നീ പുഞ്ചിരിച്ചു കൊള്ളുക ഒടുവില്‍
കണ്ണീര്‍കടലില്‍ മുങ്ങി ഞാന്‍ കലങ്ങിതെളിയുംപോള്‍
ഒരുപക്ഷെ നീ കരയുകയായിരിക്കും
നിന്‍റെ നിഷേധത്തിന്റെ കൊടും ക്രൂരതയില്‍
വിരസ്സമായിപ്പോയ നമ്മുടെ പകലുകളെയോര്‍ത്ത് ,
വര്‍ണ്ണങ്ങള്‍ നഷ്ട്ടപെട്ടു പോവുന്ന
ഒരു മയില്‍‌പീലിതുണ്ട് മാത്രമാണ്
നീയെന്നറിയുംപോഴും അമ്മയുടെ മിഴിനീര്‍
കഴിഞ്ഞാല്‍ നിന്‍റെ പ്രണയത്തിന്‍
ജ്വലനപ്രഭയാണ് കെടാവിളക്കാവുന്നത്
നീ തനിച്ചാവുന്ന നിന്‍റെ ഏകാന്ത യാത്രയില്‍
ഒരിക്കല്‍ പോലും നിന്‍റെ മനസ്സില്‍
ഓര്‍മയുടെ ഓളങ്ങള്‍ സൃഷ്ട്ടിക്കാന്‍ എനിക്കായില്ല
എങ്കില്‍ നിനക്ക് നിഷേധിക്കാം
എന്‍റെ പ്രണയത്തെ നിലവിളക്കിന്‍ തിരിയിലെ
പ്രണവ ധ്വനി പോലെ സത്യമായ്തന്നെ
ഇനി ഒരു പെണ്‍മനസ്സിലേക്കുമില്ല തനിച്ചാണ് യാത്ര "

ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു പ്രിയപ്പെട്ടവനെ
ഓര്‍മകളുടെ ഈ പ്രളയത്തില്‍ അകക്കാമ്പിന്‍
വിഷം നുരഞ്ഞു പൊന്തി യാദാര്ത്യങ്ങളെ
വരിഞ്ഞു മുറുക്കി ചുഴികളിലെക്കാവാഹിച്ചു
ശ്വാസംമുട്ടിക്കുമ്പോള്‍ യാദാര്ത്യങ്ങള്‍
പൊട്ടിത്തകര്‍ന്നു മരിച്ചു വീണു
പുതിയവ സ്വപ്നങ്ങളുടെ സത്യംപോലെ ജന്മം കൊള്ളുന്നു

ഞാന്‍ തള്ളിപറഞ്ഞ നിന്‍റെ പ്രഭാത സ്വപ്‌നങ്ങള്‍ ,
കൂരിരുട്ടിന്‍റെ ഹൃദയത്തില്‍ ഭ്രൂണഹത്യ
ചെയ്യപ്പെട്ട നമ്മുടെ പ്രഭാതങ്ങള്‍ ഇനിയും ജനിക്കാം ,
വിരിയാതെ പൊഴിഞ്ഞ പ്രണയവും താലിയും
ഇരുതട്ടുകളില്‍ വയ്ക്കുമ്പോള്‍ പ്രണയമിരുന്ന
തട്ടോരുമാത്ര താണുപോയാല്‍ കഴിഞ്ഞ കാലം
പിളര്‍ന്നു നേരുകാട്ടാന്‍ പൊട്ടിച്ചെറിയേണ്ടിവരുമോ ഈ 'താലി' കൂടി ???

Friday, August 15, 2008

സിന്തൂര രേഖകള്‍ ഉണ്ടാവുന്നത്

അപ്രതീക്ഷിതമായി കടന്നു വരുന്ന

ഏകാന്തതയുടെ ഓരോ മാത്രയിലുമാവാം

പാതിവൃത്യം വെടിഞ്ഞു അവളുടെ

ചിന്തകള്‍ ദേശാടനം ചെയ്യാന്‍ തുടങ്ങുന്നത് ,



ജ്വെലിച്ചു കത്തിയ പിതാവിന്റെ

എതിര്‍പ്പുകളില്‍ നിന്നാവാം അവള്‍

ചതിയുടെ ആദ്യാക്ഷരങ്ങള്‍

അഭ്യസിക്കാന്‍ തുടങ്ങുന്നത് ,



അമാവാസിയുടെ അന്ധകാരം

വൃക്ഷതലപ്പുകളെ അന്ധമാക്കുമ്പോഴാവാം

ഇളം കാറ്റിന്‍ ആലിംഗനങ്ങളില്‍

‍ഇലതലപ്പുകള്‍പുളകം കൊള്ളുന്നത് ,



കരഞ്ഞു കലങ്ങി തമോഗര്‍ത്തങ്ങള്‍

ആയ മിഴികളില്‍ നിന്നാവാം

പുതുജീവനുകളുമായി

നക്ഷത്രങ്ങള്‍ ജനനം കൊള്ളുന്നത്,



കരിനാഗങ്ങള്‍ ഇണചേരുന്ന

രണ്ടാം യാമങ്ങളിലാവാം

നാഗത്തറയില്‍ തൊഴുതുനിന്ന

കെടാവിളക്കണയുന്നത് ,



പോട്ടിയടര്‍ന്നു വീണ അവന്റെ

ഹൃദയത്തില്‍ നിന്നാവാം

ചുവന്ന സിന്ദൂരരേഖകള്‍

പിറവിയെടുക്കുന്നത്,



തമ്മിലലിഞ്ഞു ഒന്നാവാതത്തിന്റെ

കൊടും വേദനയിലാവം

രാത്രി പകലിനും , പകല്‍ രാത്രിക്കും

തകര്‍ന്ന ഹൃദയം സമ്മാനിച്ചകലുന്നത്,


ജീവനേക്കാള്‍ പ്രണയിച്ചവനു
ചതി കൊടുത്തു വിടപറഞ്ഞത്‌ കൊണ്ടാവാം

പൊള്ളുന്ന സത്യമായ് ,മറ്റൊരു സൂര്യനായ്‌

നക്ഷത്രവിജനമായ രാത്രികളില്‍ അവള്‍ ഉറങ്ങാതിരിക്കുന്നത് ...

Monday, August 11, 2008

കലികാലനേരുകള്‍

മതമില്ലാത്ത ഒരു
മയില്‍പ്പീലിതുണ്ട് ഒളിച്ചു വച്ചതിനാണ്
അമ്പാടിപൈതലിന്‍ പുസ്തകങ്ങള്‍ അഗ്നിനാമ്പുകള്‍ വിഴുങ്ങിയത് ,


പോന്തക്കാട്ടിലെ ചാക്കുകെട്ടില്‍
ചീഞ്ഞളിഞ്ഞ പിഞ്ചു
ശരീരങ്ങക്ക് പൈതൃകമായത്
പിതൃ സ്നേഹത്തിന്‍ കാമദുര്‍ഗന്ധം ,


സഹോദരന്റെ ജീവവായുവില്‍
മഞ്ഞള്‍പ്പൊടി കലര്‍ത്തിയാണ്
പ്രിയപ്പെട്ടവള്‍ക്കായ് അവന്‍
താലിച്ചരടുകള്‍ തീര്‍ക്കുന്നത് ,


തിരുവസ്ത്രത്തിനുള്ളിലെ
വിലങ്ങുകള്‍ തകര്‍ത്തു
സ്വതന്ത്രമായ വികാരങ്ങള്‍ക്ക്
നാനാര്‍തമായത് ഭ്രഷ്ട്ടുകള്‍ ,


നിസ്കാര തഴമ്പുകള്‍
കാലാന്തരങ്ങളില്‍ രൂപാന്തരങ്ങള്‍
പിന്നിട്ടു ഉഗ്ര സ്ഫോടനങ്ങലാല്‍
പൊട്ടിയൊലിക്കുന്നു ,

ക്ഷേത്ര ഭൂമിക്കായ്‌
ബലിനല്‍കപ്പെടുന്നത്
കിരാതങ്ങളില്‍ കിരാതമായ
രക്തം കട്ടപിടിച്ച നഗരഗ്രാമ പ്രാന്തങ്ങള്‍ ,

അവസാനം

ഫാനിലെ സാരിത്തുമ്പില്‍
വേദനയുടെ ഒരു തുണ്ട്
ജീവന്റെ അമര്‍ത്യതയുടെയുംമരണത്തിന്‍റെ
വ്യര്‍ത്ഥതയുടെയും ഇടയില്‍ നിശ്ചലമായ്‌

Sunday, August 3, 2008

പ്രണയം രണ്ടാംഭാവം

ആദ്യം വിചിത്രമായൊരു കൌതുകമായ്
പിന്നെടെങ്ങിനെയോക്കെയോ പടര്‍ന്നു കയറി
മുറിച്ചു കളയാനാവാത്ത വിധം
സ്വപ്നങ്ങളില്‍ പറ്റിപ്പിടിച്ചു

നീ തനിച്ചാവുന്ന അപൂര്‍വ്വം
ചിലനിമിഷങ്ങളില്‍ നിന്‍റെ
അരികില്‍ ഓടിയെത്തി നിന്‍റെ
മനം മടുപ്പിക്കുന്ന ഏകാന്തത പങ്കിട്ട്‌

അങ്ങിനെ അറിയാത്ത ഏതോ
പൊരുളുകള്‍ തിരഞ്ഞു പോകാന്‍
പ്രരകഹേതു ഏതുശക്തി എന്നറിയില്ല
അതിനെ സ്നേഹമെന്ന് വിളിക്കാന്‍ ഞാന്‍ ഭയപെട്ടിരുന്നു പലപ്പോഴും

പക്ഷെ അത് വാക്കുകള്‍ക്കും
ശബ്ധങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും
മുകളിലായ് വലിയോരരിവായിരുന്നു
ഞാന്‍ തനിച്ചല്ലന്ന വ്യക്തമായ സത്യം

സ്നേഹം എല്ലായ്പോഴും അങ്ങിനെയാണ്
തിരികെ കിട്ടുമെന്ന മോഹമില്ലാതെ ഒരേ
വഴിയിലൂടെ വ്യത്യസ്തമായി നീങ്ങുന്ന
ഒരാളുടെ കിനാവുകളില്‍ മാത്രമൊതുങ്ങുന്ന

തിരികെ കിട്ടുന്ന സ്നേഹം വെറുമൊരു
സാധാരണ കൊടുക്കല്‍ വാങ്ങലായിതീരുന്നു
തള്ളികളയലിലൂടെ വേര്‍പിരിയലിലൂടെ ഇഴകള്‍ അടുക്കുന്നു
പിരികള്‍ മുറുകുന്നു മോഹങ്ങള്‍ പെരുകുന്നു നൂലുകള്‍ കേട്ടുപിണയുന്നു

ഇന്നശക്തയാണ് ഞാന്‍
ഉള്ളുറപ്പിച്ചു ചുറ്റുമുള്ള
ലോകത്തെ ഭയന്ന് ഭ്രാന്ത് പിടിച്ചു
ഒരു പിശാചിനെപ്പോലെ അള്ളിപിടിച്ച് സ്നേഹിക്കാന്‍



Wednesday, July 9, 2008

പന്ജഭൂതങ്ങള്‍

ഫലകചലനങ്ങളുടെ അവ്യക്തത,
ശൂന്യതയില്‍ ആരും തുണയില്ലാത്ത ,
ഇന്നോ നാളെയോ മാഞ്ഞു പോവുന്ന ,
വിശ്വാസത്തിന്റെ ഒരു പൊട്ട് .......ഭൂമി ഞാന്‍

സ്വന്തജീവനെ രണ്ടായി പിരിച്ച്
വേദനയുടെ പളുങ്കുപാത്രത്തില്‍
ജീവകണം സന്നിവേശിപ്പിച്ച ,
നടന്നു തുടങ്ങുമ്പോഴേക്കും അകന്നു
പോയിരുന്നുസ്വപ്നമുണരുന്ന
നക്ഷത്രങ്ങളുടെ നാട്ടിലേക്ക് ..........ജീവകണം ,അമ്മ
എല്ലായ്പോഴും തിരയുടെ
കനത്ത തള്ളിച്ചയില്‍
മണല്‍തരികളിലേക്ക് മൂക്ക് കുത്തിവീണത്
,മണല്‍തരികള്‍ പൂണ്ടുപോയി
ഹൃദയധമനി അടഞ്ഞത്
ആഴമറിയാത്ത സ്നേഹത്തിന്‍ പ്രഹേളിക ......... ജലം , അച്ഛന്‍

അതിര്‍ വരന്പുകള്‍
ഇല്ലന്നു നിനച്ചു
പലവര്‍ണ മേഘങ്ങളായ് പറന്നു നടന്നത്
വേനലിന് മുന്‍പൊരു വരഷകാലമായ്
തോര്‍ന്നകന്നത് ..ഒരിക്കലും
തിരിച്ചു ലഭിക്കാത്ത വര്‍ണങ്ങളുടെ ......ആകാശം ,സ്നേഹിതര്‍

ആത്മാവിന്റെ തായ് വേര്‍
പൂണ്ടു പോയത് അഗ്നിയില്‍
അല്ലാതെ മറ്റെന്തിലാണ്
.ഓരോരോ ജന്മങളിലൂടെ നീയാകുന്ന
അഗ്നിയിലൂടെ നീറി നീറി ഇനിയെത്ര താണ്ടണം സൂര്യനാവാന്‍ ....അഗ്നി, പ്രിയന്‍

Friday, June 20, 2008

വിട

മുഷിപ്പിക്കുന്ന ഈ കാത്തിരിപ്പു

മനസ്സിനെ മടുപ്പിക്കുന്നു ,ജീവിതത്തെയും

അഗ്രഹാരത്തില്‍ തിങ്ങിയ മനസ്സുകള്‍

നന്മകള്‍ മാത്രം മന്ത്രിക്കുന്ന ദിനം അടുത്തുവരുന്നു

അകത്തളന്ങളിലെ ഇരുണ്ട മൂലകളില്‍ നിന്നും

ഉയരുന്ന വിതുംബലിന്റെ അലകള്‍

തിരുമുറ്റത്തെ തുളസ്സിത്തറയില്‍ ...

എങ്ങലടികളായി മാറിതുടങ്ങുന്നു

അമ്മയില്ലാത്ത കുട്ടിയായ് വളര്‍ന്നവള്‍

മൌനത്തിന്‍ മുഖം മൂടിയനിഞ്ഞവള്‍

ഇഷ്ട്ടമില്ലാത്തവയോടു പൊട്ടിതെറിച്ചവള്‍

സ്വയം തോറ്റിരിക്കുന്നു ആരെയൊക്കെയോ തോല്‍പ്പിക്കാന്‍

സ്നേഹമുള്ള വിതുംബലുകളും

നന്മകള്‍ പിറുപിറുക്കുന്ന കപട മനസ്സുകളും

വെള്ളത്തുണിയില്‍ പുതഞ്ഞു കിടക്കുമ്പോഴും

ആലോസരപ്പെടുതുന്നുണ്ടായിരുന്നു

നാളെയാവണമത്രെ ഭര്‍ത്താവു

വരാതെ എടുക്കാനാവില്ലല്ലോ ???

രാമായണം വായനക്കൊപ്പം

ആരോനിലവിളക്കില്‍ എന്ന പകരുന്നു

ഈ റീത്തുകളുടെ ഭാരം എന്‍റെ ഹൃദയത്തിനു

താങ്ങാനാവുന്നില്ല അപ്പോളാണ് നീ വന്നത്

മദ്യത്തിന്റെയും സിഗരട്ടിന്റെയും ഗന്ധം

നീ ഇതുവരെ ഇതു നിര്‍ത്തിയില്ലേ ....

കുനിഞ്ഞ ശിരസ്സുമായി കുറച്ചുനേരം കരയുകയയിരുന്നോ ??????

നെയ്യില്‍ തീനാളങ്ങള്‍ പുളഞ്ഞുകയറി

പൊള്ളുന്ന അഗ്നിയിയില്‍

ശരീരം വിശുധീകരിക്കപെടുംപോഴും

മറ്റാരും കാണാതെ നീ കാല്‍ക്കല്‍ അര്‍പ്പിച്ച

കാട്ടുപൂ തിരയുകയായിരുന്നൂ ഞാന്‍ ,,

കൊള്ളിവയ്ക്കാന്‍ വിധിക്കപ്പെട്ട അനിയന്‍കുട്ടാ

എല്ലാമറിയുന്നല്ലോ നീ നിന്‍റെ മിഴികള്‍ നിറയുംമ്പോഴാ ഞാനും.....

മഴ

ഞാന്‍ എന്‍റെ ജാലകവാതില്‍ തുറന്നിടട്ടെ

പുതുമഴ നനയുന്ന പൂമ്പാറ്റയാകാന്‍ ,

കുടയില്ലാതോടുന്ന സ്കൂള്‍ കുട്ടിയാവാന്‍ ,

മഴ നനയുന്ന കാമുകിയാവാന്‍

ഇവിടെ അംബരചുംബികളായ

കൊട്ടാരങ്ങളില്‍ മഴത്തുള്ളികള്‍

വീണു ചിതറിത്തെറിക്കുന്നു

പാട വരമ്പിലെ കതിര്‍തുംബിന്‍

കാതില്‍നിന്നടരുവാന്‍ മടിക്കുന്ന മഴയും ,

തെങ്ങോല തുമ്പില്‍ ഊഞ്ഞാലില്‍

ആടിതിമിര്‍ക്കുന്ന മഴയും ,

ഫാക്ടറി കുഴലിന്റെ പുകച്ചുരുളിനിടയില്‍

വെന്തുരുകി മരണം വരിക്കുന്നു

തിരിച്ചറിവ്

സൂര്യനൊപ്പം ഞാന്‍ തിരയാനിറങ്ങി

നിന്‍റെ പതിഞ്ഞ കാല്‍പ്പാടുകള്‍ തേടി

ചുവന്ന ഹൃദയം പൊട്ടി മരിച്ചുവീണ പകലുകള്‍,

ഇരുട്ടിന്‍ കനം കടുപ്പിച്ചു പോയ രാത്രികള്‍


ഋതുഭേദങ്ങള്‍ ഏല്‍പ്പിച്ച മുറിവുകള്‍ക്ക്

സ്വപ്നങ്ങളെ സ്പര്‍ശിക്കാനായില്ല

പൊള്ളുന്ന സത്യത്തിലൂടെ ഇനിയെത്ര പോവണം

ഒരു വിരല്‍പാടെങ്ങിലും കണ്ടുകിട്ടാന്‍


പരാജയം പൂര്‍ണമായി സമ്മതിച്ച്

കുനിഞ്ഞ ശിരസ്സുമായി ,

രക്തമിറ്റു വീഴുന്ന മിഴികളുമായി

ഞാന്‍ പിന്തിരിഞ്ഞു നടന്നു


അപ്പോളാണ് തിരിച്ചറിഞ്ഞത്

നിന്‍റെ വെളുത്ത ഹൃദയത്തിലൂടെയാണ്

നിന്‍റെ വിളര്‍ത്ത കാല്‍പ്പാടുകള്‍

തേടിയലഞ്ഞതെന്ന് ...................

തിരഞ്ഞെടുപ്പ്

ജീവിതം വഞ്ചനയുടെ കളരികള്‍
ഹരിശ്രീയില്‍ എഴുതിച്ചു

പ്രണയം തെറ്റെന്നു ജന്മം നല്‍കിയവര്‍
വിധിയെഴുതുമ്പോള്‍ ....
കാലം പച്ചമരങ്ങളില്‍
ചോരപ്പാടുകള്‍ വീഴ്ത്തി

വഴികള്‍ രണ്ടായി പിരിയുമ്പോള്‍
ആരെ ചതിക്കണം എന്ന തെരഞ്ഞെടുപ്പില്‍
ഇവിടെ വരെ കൊണ്ടുവന്നതിന്
കന്യകക്ക് മൌനമാകാം ഉത്തരം

ഉത്തരമില്ലാത്ത മൌനങ്ങള്‍
കാര്‍ത്തിക വിളക്കിന്‍ തിരികളില്‍
പ്രാര്‍ത്ഥനകളായി ജ്വലിക്കുംപോള്‍
കാറ്റില്‍ കാലം കരിന്തിരിയായി

ചതിക്കപ്പെടുന്നതിനു മുന്പ്
അറവുമാടിന്നുള്ള ജലമായി
നിനക്കുനല്കാന്‍ ഒരുക്കമായിരുന്നു
ഈ കന്യകാത്വം പോലും

എന്നിട്ടും പരജിതയായ് ...
നിന്റെ മുനയുള്ള വാക്കുക്കളില്‍

"പ്രണയം നിനക്ക് സമ്മാനിച്ചത്
അന്ധകാരത്തിന്റെ അന്ധതയാണ്
മഹാസമുദ്രത്തില്‍ മഴതുള്ളി
തിരയുന്ന നിന്റെ മനസ്സില്‍ നിന്നും
ഞാന്‍ പടിയിറങ്ങുന്നു വഴിപിരിഞ്ഞല്ല
പിന്തിരിഞ്ഞ്‌ നിനക്കായ്‌ എനിക്കുള്ളത്
നിന്നിലെ ഈ നിഷേധം മാത്രം
"

നീ എവിടെയായിരുന്നു ???????

നീയെന്‍റെ
അവ്യക്തമായ മനസ്സിലായിരുന്നില്ല
നീയെന്‍റെ
വക്കുപൊട്ടിയ വാക്കുകളിലായിരുന്നില്ല
നീയെന്‍റെ
ചിതറിപ്പോയ കിനാവുകളിലായിരുന്നില്ല
നീയെന്‍റെ
ചാപല്യമുള്ള ചിന്തകളിലായിരുന്നില്ല
നീയെന്‍റെ
കറുത്തിരുണ്ട മൌനങ്ങളിലായിരുന്നില്ല
നീയെന്‍റെ
ചിറകൊടിഞ്ഞ പ്രതീക്ഷകളിലായിരുന്നില്ല
നീയെന്‍റെ
തേയ്മാനം വന്ന പരിഭവങ്ങളിലായിരുന്നില്ല
നീയെന്‍റെ
മാഞ്ഞുപോയ പിണക്കങ്ങളിലായിരുന്നില്ല
നീയെന്‍റെ
മോഷ്ട്ടിക്കപ്പെടുന്ന സ്വപ്നങ്ങളിലായിരുന്നില്ല
നീയെന്‍റെ
രക്തം വാര്‍ന്നുപോയ ഹൃദയത്തിലായിരുന്നില്ല
മറിച്ച്
നീയെന്‍റെ അത്മാവിലായിരുന്നു ജന്മാന്തരങ്ങളിലൂടെ , യുഗാന്തരങ്ങളിലൂടെ .....

Wednesday, April 23, 2008

ഞാന്‍ എഴുതുന്നു നിന്‍റെ

ഹൃദയത്തിലേക്ക്‌ .. എന്‍റെ

ചുവന്ന രക്തം കൊണ്ട്

എവിടെ നിന്നായിരുന്നു

നമ്മള്‍ യാത്ര തുടങ്ങിയത് ...

നീ ഓര്‍മിക്കുന്നുവോ ?????????