Friday, October 17, 2008

വിധി

പിടയുന്ന ഘടികാര

സൂചിയില്‍ കുടിയിരുന്നു

നിമിഷാര്‍ദ്ധ ഗോളങ്ങളായി

പൊട്ടിവീണ് എല്ലായ്പോഴും

ജനിക്കുന്നു നീ




പ്രണയികളുടെ അനന്തമാം

മിഴികളില്‍ മറഞ്ഞിരിക്കുന്ന

പുഞ്ചിരികള്‍ പിന്‍മുറ

തത്വശാസ്ത്രങ്ങളെ

പൊട്ടിച്ചെറിയുമ്പോഴും

കത്തിനിന്ന മോഹസ്വപ്‌നങ്ങള്‍

വിദ്വേഷത്തിന്‍റെയും ,

അവിശ്വാസത്തിന്‍റെയും

കണികാ സ്ഫോടനങ്ങള്‍

സൃഷ്ട്ടിക്കുന്നത്

നിന്‍ പരീക്ഷണ ശാലകളുടെ

തടവറകളില്‍ നിന്ന് ...





സ്നേഹാമൃതം

സമുദ്രഗര്‍ത്തങ്ങളില്‍

നിന്നും പതകളായി

നുരഞ്ഞു തീരത്തിന്‍ മാറില്‍

അലിഞ്ഞില്ലാതായി

ആഗ്രഹ പൂര്‍ത്തീകരണങ്ങളുടെ

നിഷ്ഫലതകള്‍ മാത്രം

വെളിപ്പെടുത്തുമ്പോള്‍ മറുവശത്ത്

ഒരിക്കലുമടങ്ങാത്ത

പ്രതികാര ബീജങ്ങള്‍

തലമുറകളില്‍ നിന്നും

തലമുറകളിലേക്ക്

സ്ഫോടന പരമ്പരകള്‍

സൃഷ്ട്ടിക്കുന്നതിന്‍

വിഷമുള്ളൂകളും നീ വിതക്കുന്നത് മാത്രം





അവസാനമൊരു മണ്‍പ്രപന്ജമായ്

മണ്ണിലുറങ്ങുന്നതിന്‍ മുന്‍പ്

സ്വാതന്ത്ര്വം പ്രാപിച്ച ഒരു വായു

തന്മാത്ര എവിടെയോ

ഒരു രതിമൂര്‍ച്ചയുടെ

സീല്‍ക്കാരങ്ങള്‍ക്കിടയില്‍

ഒരു മിടിപ്പായ് ഒരു ജന്മമാകുന്നതിന്‍

പൊരുളുകള്‍ നീ മാത്രമറിയുന്നു

4 comments:

Ranjith chemmad / ചെമ്മാടൻ said...

വിഹ്വലമായ മനോഗര്‍ത്തങ്ങളില്‍ നിന്ന്
സ്വാതന്ത്ര്വം പ്രാപിച്ച ഒരു കാവ്യ
തന്മാത്ര എവിടെയോ തട്ടി പൊട്ടിച്ചിതറി...
അടുക്കില്ലാതെ കിടക്കുന്നു, ഈ വരികളില്‍....
വിജാതീയവും സജാതീയവുമായ അസ്വാസ്ഥ്യങ്ങള്‍
ആകര്‍ഷണ വികര്‍ഷമായിത്തന്നെ
കവിതയെ സ്വയം പ്രകമ്പനം കൊള്ളിക്കുന്നു...
ആശംസകള്‍....

ഗിരീഷ്‌ എ എസ്‌ said...

മനോഹരമായ രചനശൈലി
നിന്റെ എഴുത്തുപുരയില്‍ നിന്ന്‌ ഒരിക്കല്‍ കൂടി
ഏറ്റുവാങ്ങുമ്പോള്‍
ഞാനും ചിന്തിച്ചുപോകുകയാണ്‌...
വിഹ്വലതകള്‍
മാത്രം നിറഞ്ഞ ഇന്നിന്റെ
മുഖങ്ങളെ പറ്റി...
നൊമ്പരത്തിന്റെ വരണ്ടമണ്ണില്‍
പ്രണയത്തിന്റെ മഴ പൊഴിഞ്ഞാല്‍ പോലും
അതിജീവിക്കാനാവാത്ത
ഭീതിദമുദ്രകള്‍...
ഉണങ്ങാനാവാതെ
ആഴങ്ങളിലേക്ക്‌ കയറിപ്പോയ
ലോഹനാളികള്‍...
നിദ്രയില്‍ പോലും വേട്ടയാടപ്പെടുന്ന
ഭീകതസ്വപ്‌നങ്ങളുടെ
ഘോഷയാത്രകള്‍....

ഇവിടെ തുടരാന്‍ എനിക്ക്‌ ഭയമാവുന്നു..
നിന്റെ കവിതകളുടെ
തീച്ചൂടില്‍ ഉരുകിനില്‍ക്കുമ്പോള്‍
മൗനം
ഹൃദയത്തില്‍ നിന്ന്‌
ആത്മാവിലേക്ക്‌ വഴിമാറിയൊഴുകുന്നു...

ആശംസകള്‍....

Sapna Anu B.George said...

നല്ല രചന

അര്‍പിത സുല്‍ത്താന്‍ ബത്തേരി said...

രഞ്ജിത്ത് , കൂട്ടുകാരന്‍ , സപ്ന നന്ദി